Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് ഏപ്രിൽ മുതൽ

Worker

മനാമ ∙ ബഹ്റൈനിലെ അനധികൃത താമസക്കാർക്കു നിയമവിധേയമായി ജോലിചെയ്യാൻ അവസരം ഒരുക്കുന്ന ‘ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ്’ സൗകര്യം ഏപ്രിൽ മുതൽ നടപ്പാക്കുമെന്നു ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) വ്യക്തമാക്കി. തൊഴിലാളികൾക്കു സ്വയം സ്പോൺസർ ചെയ്യാനും ഒന്നിലേറെ സ്പോൺസർമാരുടെ കീഴിൽ‌ ജോലിചെയ്യാനും അവസരമൊരുക്കുന്ന പദ്ധതിയാണിത്.

സന്ദർശക വീസയിലുള്ളവർ, സ്പോൺ‌സറിൽനിന്ന് ഒളിച്ചോടിയവർ, ക്രിമിനൽ കേസുകളിൽപ്പെട്ടവർ തുടങ്ങിയവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകില്ല. ഏപ്രിൽ മുതൽ രണ്ടുവർഷത്തേക്കാണു പദ്ധതി നടപ്പാക്കുകയെന്ന് എൽഎംആർഎ ചീഫ് എക്സിക്യൂട്ടീവ് ഉസാമ അൽ അബ്സി പറഞ്ഞു. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സ് ബഹ്റൈൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 2016 സെപ്റ്റംബർ 20 വരെ അനധികൃത താമസക്കാരായി പ്രഖ്യാപിക്കപ്പെട്ടവർക്കിടയിലാകും പദ്ധതി നടപ്പാക്കുക.

പുതിയ പദ്ധതിയിൽ വർക്ക് പെർമിറ്റിനായി അപേക്ഷിക്കേണ്ടതു തൊഴിലാളി തന്നെയാണ്. പെർമിറ്റ് കിട്ടുന്നവർക്ക് ആരുടെ കീഴിലും ജോലിചെയ്യാം. മണിക്കൂർ അടിസ്ഥാനത്തിലുള്ള ജോലിയോ ദിവസവേതനമോ ആകാം. ഒരേസമയം ഒന്നിലധികം തൊഴിലുടമകളുടെ കീഴിലും പ്രവർത്തിക്കാം. താമസം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ ഉത്തരവാദിത്തങ്ങളും തൊഴിലാളിക്കായിരിക്കും പ്രതിമാസം 2000 പേർക്കു വീതം രണ്ടു വർഷത്തിനുള്ളിൽ 48,000 പേർക്കു വർക്ക് പെർമിറ്റ് അനുവദിക്കും.

200 ദിനാറാണു ‘ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ്’ ഫീസ്. ആരോഗ്യപരിരക്ഷയ്ക്കായി 144 ദിനാറും പ്രതിമാസ ഫീസായി 30 ദിനാർ വീതവും ഇടാക്കും. സാധാരണ തൊഴിൽ വീസയ്ക്കു 10 ദിനാറാണ് എൽഎംആർഎ പ്രതിമാസ ഫീസ്. ‘ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് ലഭിക്കുന്ന തൊഴിലാളിക്കു ഫോട്ടോ പതിപ്പിച്ചതും കാലാവധി വ്യക്തമാക്കുന്നതുമായ നീല കാർഡ് നൽകും. പൈലറ്റ് പദ്ധതി എന്ന നിലയ്ക്കാണ് ഏപ്രിലിൽ പദ്ധതി നടപ്പാക്കുന്നത്. ആയിരക്കണക്കിന് അനധികൃത തൊഴിലാളികൾക്കു ഗുണകരമാകുമെന്നാണു പ്രതീക്ഷ. ബിൽ‌ഡിങ് സൈറ്റുകളിലും മറ്റും സ്പോൺസറില്ലാതെ ജോലിചെയ്യുന്ന അവിദഗ്ധ തൊഴിലാളികൾക്കു വിവിധ തൊഴിലുടമകളുടെ കീഴിൽ നിയമവിധേയമായി ജോലി ചെയ്യാനാകും.

മധ്യപൗരസ്ത്യ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ബഹ്റൈനിലെ ഫ്രീ വീസ സമ്പ്രദായം നിയന്ത്രിക്കാനും പുതിയ പരിഷ്കാരം വഴിയൊരുക്കുമെന്നാണു വിലയിരുത്തൽ. 2015ലെ പൊതുമാപ്പു വേളയിൽ 51,000 വിദേശ തൊഴിലാളികൾ ബഹ്റൈനിൽ താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്തതായി ഉസാമ അൽ അബ്സി പറഞ്ഞു. 2019 വരെ ഇനി പൊതുമാപ്പ് ഉണ്ടാകില്ല. ബഹ്റൈൻ സ്വകാര്യ വിദ്യാലയങ്ങളിൽ അധ്യാപകരായി ജോലിചെയ്യുന്ന പലർക്കും മതിയായ യോഗ്യത ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ച പ്രകാരമുള്ള യോഗ്യതകൾ ഉറപ്പാക്കുന്നില്ല. ഭർത്താവിനു ജോലിയുള്ളതിനാൽ കുടുംബ വീസയിൽ ബഹ്റൈനിലെത്തുന്ന ചില വിദേശവനിതകൾ അധ്യാപികമാരായി സ്വകാര്യ സ്കൂളുകളിൽ ചേരുന്നുണ്ട്. യോഗ്യതയില്ലാത്ത അധ്യാപകർ പഠിപ്പിക്കുന്നതു പഠനനിലവാരത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.