Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ’: ഹൈബി ഈഡൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു

OICC

മനാമ ∙ ബഹ്‌റൈൻ ഒഐസിസി യൂത്ത്‌ വിങ്ങും എറണാകുളം ജില്ല കമ്മിറ്റിയും സംയുക്തമായി മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സൽമാനിയ കലവറ റെസ്റ്റോറന്റിൽ വെച്ച് നടന്ന സെമിനാർ എറണാകുളം എംഎൽഎയും  എൻഎസ്‌യു മുൻ അധ്യക്ഷനുമായിരുന്ന ഹൈബി ഈഡൻ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ എറണാകുളം ജില്ല പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. യൂത്ത്‌ വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം സ്വാഗതം പറഞ്ഞു. 

നമ്മുടെ രാജ്യത്ത്‌ ഇന്ന് മതേതരത്വവും ജനാധിപത്യവും വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ഹൈബി ഈഡൻ എംഎൽഎ പറഞ്ഞു. വർഗീയ ഫാസിസ്റ്റുകൾ സാഹിത്യം, കല, വിദ്യാഭ്യാസം തുടങ്ങി സർവ്വ മേഖലകളിലും തങ്ങളുടെ രാഷ്ട്രീയം നടപ്പിലാക്കാൻ ശ്രമിക്കുന്നു. തങ്ങൾക്ക് ഹിതകരമല്ലാത്ത പ്രസ്താവന നടത്തുന്ന കലാകാരന്മാരെയും സാഹിത്യകാരന്മാരെയും കൊലപ്പെടുത്തുന്നു. ഫാസിസം തീൻ മേശയിലേക്ക് വരെ വന്നെത്തിയിരിക്കുന്നു. നാം എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്ന് ഭരണകൂടം തീരുമാനിക്കപ്പെടുന്നു. ഗോ മാംസത്തിന്റെ പേരിൽ 69 പേർ കൊല്ലപ്പെട്ടിരിക്കുന്നു. എല്ലാ ഫാസിസ്റ്റ് പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാർ ഒത്താശ ചെയ്തു കൊടുക്കുന്ന ഒരു സാഹചര്യത്തിലൂടെ നമ്മുടെ രാജ്യം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നുവെന്നും ഹൈബി പറഞ്ഞു .

നമ്മുടെ പ്രിയപ്പെട്ട ഇന്ത്യ, നാം കാണുന്ന പുരോഗതിയിലേക്കെത്തി ചേർന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനവും അതിന്റെ നേതാക്കളുടെയും ധിഷണാപരമായ നിലപാടുകളിലൂടെയുമാണ്. കാർഷിക മേഖലയിൽ നടത്തിയ ഹരിത വിപ്ലവത്തിലൂടെ ,ബാങ്കുകളുടെ  ദേശസാൽക്കരണത്തിലൂടെ , ശാസ്ത്ര സാങ്കേതിക രംഗത്തെ സമാനതകളില്ലാത്ത  വിപ്ലവത്തിലൂടെ രാജ്യം നേടിയ നേട്ടങ്ങളെ ഇന്ന് കേന്ദ്ര  സർക്കാർ വിസ്മരിക്കാൻ ശ്രമിക്കുന്നു. നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച സർക്കാർ ഇന്ന് രാജ്യം ഭരിക്കുന്നു. യാതൊരു വിവേകവുമില്ലാതെ കൊണ്ട് വന്ന നോട്ട് നിരോധനം നമ്മുടെ സാമ്പത്തിക  വ്യവസ്ഥയെ തകർത്തു കളഞ്ഞിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വ്യക്തമായ പദ്ധതിയോ ഗൃഹപാഠമോ കൂടാതെ നടപ്പാക്കിയ ജിഎസ്ടി രാജ്യത്തെ വ്യാപാരികളെയും വ്യാപാരത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .മതേതര ചേരി ഭിന്നിച്ചു പോയത് കൊണ്ടാണ് ഇന്ത്യയിൽ ബിജെപിയുടെ ഫാസിസ്റ്റ് സർക്കാർ കടന്നു വരുന്നതിന് കാരണമായത്. അതുകൊണ്ടു തന്നെ ഫാസിസത്തിന്റെ പിടിയിൽ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ രാജ്യത്തെ മതേതര, ജനാധിപത്യ  ചേരി  ഇന്ത്യൻ  നാഷണൽ കോൺഗ്രസ്സിന്റെ കൂടെ നിൽക്കണമെന്നും ഹൈബി കൂട്ടി ചേർത്തു .

യോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഗ്ലോബൽ സെക്രട്ടറി കെ.സി. ഫിലിപ്പ് , ദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, ദേശീയ സെക്രട്ടറി മനു മാത്യു ,യൂത്ത്‌ വിങ് വൈസ്  പ്രസിഡന്റ് സുനിൽ  കെ ചെറിയാൻ ,എറണാകുളം ജില്ല ജനറൽ സെക്രട്ടറി ജലീൽ മുല്ലപ്പള്ളി തുടങ്ങിയവർ  സംസാരിച്ചു. യൂത്ത്‌ വിങ് ജനറൽ സെക്രട്ടറി ലിജോ പുതുപ്പള്ളി നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.