Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘റിഫ്‌ളക്‌ഷൻസ് 2017’ ചലചിത്രോൽസവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

Camera Film

മനാമ ∙ ‘റിഫ്‌ളക്‌ഷൻസ് 2017’ എന്ന പേരിൽ പ്രേരണ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന മലയാള സിനിമകളുടെ ചലച്ചിത്രോത്സവം  ഒക്ടോബർ 13 വെള്ളിയാഴ്ച രാവിലെ പത്ത് മണിയ്ക്ക് ഗൗരി ലങ്കേഷ് നഗറിൽ (ബാങ്കോക് പാർട്ടി ഹാൾ, ഉമ്മ് അൽ ഹസം )  സിനിമാ ക്രിട്ടിക്കും ബഹറൈനി എഴുത്ത് കാരിയുമായ മൻസൂറാ അമീർ അൽ ജാമ്‌റി ഉദ്ഘാടനം ചെയ്യും. 

കഴിഞ്ഞ ഇരുപതു വർഷമായി ബഹ്‌റൈനിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ പ്രേരണ രാജ്യാന്തര പ്രശസ്തമായ മികച്ച സിനിമകളുടെ പ്രതിവാരപ്രദർശനവും ചലച്ചിത്രോത്സവങ്ങളും സംഘടിപ്പിക്കാറുണ്ട്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഈ ചലച്ചിത്രോത്സവത്തിനു മലയാളത്തിലെ പുതിയ സമാന്തര സിനിമകൾ മാത്രമാണ് പ്രദർശനത്തിനൊരുക്കിയിട്ടുള്ളത്‌. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി ആണ് ഉദ്ഘാടന ചിത്രം. ഉണ്ണി ആറിന്റെ കഥയെ അവലംബിച്ച് ചെയ്തിട്ടുള്ള ഈ സിനിമ ഇന്ത്യക്കകത്തും പുറത്തും നിരവധി പുരസ്കാരങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്. ഷാനവാസ് നാറാണിപ്പുഴയുടെ കരി (2 :45 pm),  ജയൻ കെ ചെറിയാന്റെ കാ ബോഡിസ്കേപ് (6 :00 pm ) എന്നിവയാണ് ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച പ്രദർശിപ്പിക്കുന്നത്.

രണ്ടാം ദിവസമായ ശനിയാഴ്ച രണ്ടു സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ശവം’ ( 7 :00 pm )   സതീഷ് ബാബു സേനനും സന്തോഷ് ബാബു സേനനും ചേർന്ന് സംവിധാനം ചെയ്ത 'ഒറ്റയാൾ പാത ' (8 :15 pm )എന്നിവയാണ് സിനിമകൾ. ഓരോ സിനിമയുടെയും പ്രദർശനത്തെ തുടർന്ന് പ്രേക്ഷകരുടെ സിനിമാ ആസ്വാദനവും വിമർശനവും പങ്കു വയ്ക്കുന്ന ഓപ്പൺ ഫോറങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

അനിൽ വേങ്കോട് പ്രസിഡന്റും ദിജീഷ് കുമാർ കൺവീനറുമായ ഒരു സംഘാടക സമിതി ഫിലിം ഫെസ്റ്റിവൽ നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്.

 സിനിമയെ ഗൗരവമാർന്ന കലാരൂപമായും സംവേദന മാധ്യമമായും കാണുന്ന പ്രേരണ നിർമ്മാണത്തിലും വിതരണത്തിലും ജനകീയ പങ്കാളിത്തമുള്ള സ്വതന്ത്ര സിനിമകളെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നു വിശ്വസിക്കുന്നു. ഈ ചലച്ചിത്രോത്സവം വിജയമാക്കുന്നതിനു എല്ലാ സിനിമാ പ്രേമികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് 35050689,33477793 എന്നീ നമ്പരുകളിൽ ബന്ധപ്പെടുവാൻ സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.