Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാസ്പോർട്ട് കൈവശമില്ലെങ്കിലും ഫ്ളക്സി വർക്ക് പെർമിറ്റ് ലഭിക്കും; നിയമങ്ങളില്‍ ഇളവുമായി ബഹ്റൈന്‍

Bahrain-workers-Safety

മനാമ​​ ∙ തൊഴിലാളികള്‍ സ്വയം സ്പോണ്‍സറാകുന്ന ഫ്ളക്സി വര്‍ക്ക് പെര്‍മിറ്റിനുള്ള നിയമങ്ങളില്‍ ബഹ്റൈന്‍ ഇളവ് വരുത്തി. പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്കും ഫ്ളക്സി പെര്‍മിറ്റ് നല്‍കാനാണ് പുതിയ തീരുമാനമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

നിയമലംഘകരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് താമസവും തൊഴിലും നിയമവിധേയമാക്കാവുന്ന ഫ്ളക്സി പെര്‍മിറ്റ് ജൂലൈ 23നാണ് നിലവില്‍ വന്നത്. തൊഴിലാളികള്‍ക്ക് ഇഷ്ടാനുസരണം വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന സംവിധാനമാണിത്. കുറഞ്ഞത് ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോര്‍ട്ട് വേണമെന്നായിരുന്നു നിലവിലെ നിബന്ധന. ഇതുമൂലം പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താനായില്ല. ഇത്തരക്കാരുടെ താമസവും ജോലിയും നിയമവിധേയമാക്കാന്‍ പുതിയ ഇളവ് കൊണ്ട് സാധിക്കുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തല്‍. ഇവരുടെ വിവരങ്ങള്‍ അതോറിറ്റി പ്രത്യേകമായി സൂക്ഷിക്കും. 

ഇതേസമയം ഫ്ളക്സി പെര്‍മിറ്റ് വച്ച് യാത്ര ചെയ്യാനാകില്ലെന്നും അതിന് പാസ്പോര്‍ട്ടോ ഔട്ട്പാസോ തരപ്പെടുത്തേണ്ടിവരുമെന്നും വ്യക്തമാക്കി. നിലവില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ് രാജ്യക്കാരാണ് ഈ സേവനം കൂടുതലായി പ്രയോജനപ്പെടുത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി.

workers_in_queue

രണ്ടു വര്‍ഷ കാലാവധിയുള്ള തൊഴില്‍ അനുമതിപത്രത്തിന് 449 ദിനാറാണ് ഫീസ്. കൂടാതെ പ്രതിമാസം 30 ദിനാര്‍ നല്‍കണം. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് തുക മുന്‍കൂറായി അടയ്ക്കണമെന്നും നിബന്ധനയുണ്ട്. താമസം, ഇന്‍ഷൂറന്‍സ്, ആരോഗ്യ പരിരക്ഷ എന്നിവയുടെ ഉത്തരവാദിത്തം തൊഴിലാളിക്ക് തന്നെയായിരിക്കും.  

പ്രതിമാസം 2000 പേര്‍ക്കാണ് പെര്‍മിറ്റ് നല്‍കുക. 33150150 എന്ന നമ്പറിലേക്ക് തൊഴിലാളികളുടെ സി.പി.ആര്‍. നമ്പര്‍ എസ്എംഎസ് അയച്ചാല്‍ അപേക്ഷിക്കാന്‍ യോഗ്യരാണോ എന്ന് അറിയാം. വിവരങ്ങള്‍ക്ക് 17103103 നമ്പറില്‍ ബന്ധപ്പെടാം. മലയാളം, ഹിന്ദി, ഉര്‍ദു, ബംഗാളി, ഇംഗ്ലീഷ് ഭാഷകളില്‍ വിശദാശംങ്ങള്‍ ലഭിക്കും. 

അതേസമയം സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവര്‍ക്കോ കോടതിയില്‍ കേസ് നിലവിലുള്ളവര്‍ക്കോ ഈ ആനുകൂല്യം ലഭിക്കില്ല.  രാജ്യത്ത് അറുപതിനായിരത്തോളം പേര്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്നാണ് അനുമാനം. ഇതിലേറെയും ബംഗ്ലദേശികളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.