Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈനില്‍ അഞ്ജുവിന്റെ സ്വപ്നം സഫലം; കുരുന്നുകള്‍ക്കൊപ്പം

anju-bahrain1

മനാമ: ബഹ്‌റൈനിലെ ഗുദേബിയില്‍ കുട്ടികള്‍ക്കായി വരകളുടെയും വര്‍ണങ്ങളുടെയും ലോകം ഒരുക്കുകയാണ് പാലക്കാട്ടുകാരിയായ അഞ്ജു. ഒന്നരവര്‍ഷം മുമ്പ് അഞ്ജു തുടങ്ങിയ സ്മാര്‍ട്‌സ് കിഡ്‌സ് അക്കാദമി മലയാളികള്‍ക്കു പുറമേ മറ്റു രാജ്യങ്ങളില്‍നിന്നുള്ള കുട്ടികളുടെയും ഇഷ്ടസ്ഥലമാണ്. 'കുട്ടികളോടൊത്ത് സമയം ചെലവിടുന്നത് ഒരു ധ്യാനം പോലെയാണ്; നല്ല ക്ഷമയുള്ള ഒരു മനസുണ്ടാകും.

കൈയക്ഷരം മോശമായ കുട്ടികളെ വിദഗ്ധ പരിശീലനത്തിലൂടെ ആരും കൊതിക്കുന്ന  കൈയക്ഷരത്തിനു പ്രാപ്തരാക്കുമ്പോള്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും സന്തോഷം ഒന്ന് കാണേണ്ടതാണ്.'' അഞ്ജു ഏറെ സംതൃപ്തിയോടെ  പറയുന്നു. ''കലാകാരന്മാര്‍ക്ക് നാട്ടിലെക്കാള്‍ കൂടുതല്‍ അവസരങ്ങളുണ്ട്  ഗള്‍ഫ് രാജ്യങ്ങളില്‍; ബഹ്‌റൈനില്‍ പ്രത്യേകിച്ച്, ചെറിയ രാജ്യമായതിനാല്‍ പെട്ടെന്ന് ആളുകള്‍ക്കിടയിലേയ്ക്ക് എത്താന്‍ പറ്റും, അംഗീകാരവും കിട്ടും. ഒരു പെയ്ന്റിംഗോ, സാരി ഡിസൈനോ ഒക്കെ  സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍ അപ്പോള്‍ തന്നെ ആളുകളുടെ പ്രതികരണം അറിയാം'' 

anju-bahrain

വരയുടെയും വര്‍ണങ്ങളുടെയും കൂട്ടുകാരി

എം.ബി.എയ്ക്ക് ശേഷം ബഹുരാഷ്ട്രകമ്പനിയില്‍ ജോലി ചെയ്യുമ്പോഴും 'ഇതല്ല തന്റെ വഴി' എന്ന് അഞ്ജുവിന്റെ മനസ്സ് പറഞ്ഞിരുന്നു.  വരയും വര്‍ണങ്ങളും ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടിക്ക് പല ഷിഫ്റ്റുകളിലായി ദീര്‍ഘിച്ചിരുന്ന ജോലി മടുത്തിരുന്നു. ആയിടയ്ക്കാണ് പോഗോയുടെ 'മാഡ്' ചാനലിന്റെ ഫ്രാഞ്ചൈസി  എടുത്തിരുന്ന സുഹൃത്തിന്റെ ബിസിനസ്സില്‍ പങ്കാളിയായത്. അതോടെ അഞ്ജുവിന്റെ ജീവിതത്തില്‍ വരയും വര്‍ണങ്ങളും വീണ്ടും കൂട് കൂട്ടിത്തുടങ്ങി.

ചിത്രകലാ, കലിഗ്രാഫി, അബാക്കസ് എന്നിവയിലൊക്കെ വിദഗ്ദ്ധരുടെ ക്ലാസുകള്‍ അവിടെ നിന്നും കിട്ടി. സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ പെയ്ന്റിംഗില്‍ ധാരാളം  സമ്മാനങ്ങള്‍ കിട്ടിയിരുന്നു. ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ചപ്പോള്‍ കുട്ടികളുടെ പരിശീലത്തിനു വേണ്ടി  ഒരു സ്ഥാപനം തുടങ്ങണമെന്നുണ്ടായിരുന്നു. ''വിവാഹം കഴിഞ്ഞു മതി എന്ന് അമ്മയാണ് പറഞ്ഞത്. എവിടെയാണ് സെറ്റില്‍ ചെയ്യുന്നത് എന്നറിയില്ലല്ലോ'' സ്വദേശം പാലക്കാടാണെങ്കിലും കോയമ്പത്തൂരാണ് അഞ്ജു വളര്‍ന്നതും പഠിച്ചതുമെല്ലാം.

ബഹ്‌റൈനിലേക്കുള്ള വരവ് 

''ബഹ്‌റൈനില്‍ ഗ്രാഫിക് ഡിസൈനര്‍ ആയ ശരണിന്റെ വിവാഹാലോചന വന്നപ്പോള്‍  ഓഫീസ് ജോലി ചെയ്യുന്ന ആള്‍ എന്നേ ഞാന്‍ കരുതിയിരുന്നുള്ളൂ. ശരണ്‍ നല്ലൊരു  കലാകാരനാണെ് പിന്നീടാണ് മനസിലായത്.  അത്  വലിയ നേട്ടമായി. പലപ്പോഴും വലിയ  പല പെണ്‍കുട്ടികള്‍ക്കും വിവാഹത്തോടെ തങ്ങളുടേതായ എല്ലാ ഇഷ്ടങ്ങളും ഉപേക്ഷിക്കേണ്ടി വരാറുണ്ട്'' അഞ്ജു  പറയുന്നു.

ബഹ്‌റൈനില്‍  ആദ്യം ഫ്‌ളാറ്റിലാണ് പെയ്ന്റിംഗ്, ഡ്രോയിംഗ്, കലിഗ്രാഫി എന്നിവയില്‍ ക്ലാസുകള്‍ തുടങ്ങിയത്. കേട്ടറിഞ്ഞ് കൂടുതല്‍ കുട്ടികള്‍ എത്തിയതോടെ സ്ഥലസൗകര്യം പ്രശ്‌നമായി. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാന്‍ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവ് ശരണ്‍ ആണ്. പിന്നെ  അതിനു വേണ്ടിയുള്ള ശ്രമങ്ങളായി. ഒഴിവു ദിവസങ്ങളില്‍ ശരണും ക്ലാസുകള്‍ എടുക്കാന്‍ അഞ്ജുവിനു കൂട്ടായുണ്ട്. സ്മാര്‍ട്ട് കിഡ്‌സിനൊപ്പം താന്‍ എറെ ഇഷ്ടപ്പെടുന്ന ലോകത്ത് കൂടുതല്‍ സ്മാര്‍ട്ടായി അഞ്ജുവും പുതിയ വര്‍ണ്ണക്കൂട്ടുകള്‍ ഒരുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.