Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡുമായി ഷാർജ രാജ്യാന്തര പുസ്തകമേള; തകർത്തു, കിടുക്കി

SIBF1211 ഷാർജ പുസ്തകമേളയിലെ ഇന്ത്യൻ പവലിയനിൽ സമാപന ദിവസമായ ശനിയാഴ്ച അനുഭവപ്പെട്ട തിരക്ക്. 

ഷാർജ ∙ എക്സ്പോ സെന്ററിൽ‌ ശനിയാഴ്ച സമാപിച്ച മുപ്പത്തിയാറാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ റെക്കോർഡ് സന്ദർശകർ. 11 ദിവസത്തെ മേളയിൽ ആകെ 2.38 ദശലക്ഷം പേരാണ് എത്തിയത്. ആകെ നടന്ന വിൽപന 206 ദശലക്ഷം ദിർഹത്തിന്‍റേതും. കഴിഞ്ഞ വർഷം ആകെ 2.31 ദശലക്ഷം പേരാണ് എത്തിയത്. പുസ്തകവിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 17% വർധന രേഖപ്പെടുത്തി. 

കുട്ടികളുടെയും ഇന്ത്യയടക്കമുള്ള വിദേശ പുസ്തകങ്ങളുടെയും വിൽപന വളരെ വർധിച്ചു. പുസ്തകമേള എന്നതിലുപരി വിവിധ രാജ്യക്കാർ തമ്മിലുള്ള സാംസ്കാരിക കൈമാറ്റമാണ് നടന്നതെന്ന് സംഘാടകരായ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് റക്കാദ് അൽ അമ് രി പറ​ഞ്ഞു. പരസ്പരം ഗുണകരമാകുന്ന രീതിയില്‍ വാക്കുകളും ചിന്തകളും ആശയങ്ങളും പുസ്തകങ്ങളും പങ്കുവയ്ക്കുക എന്നത് മേളയുടെ ലക്ഷ്യങ്ങളിലൊന്നിന്റെ പൂർത്തീകരണമാണെന്നും അദ്ദേഹം പറഞ്ഞു. 1982ലാണ് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരം പുസ്തകമേളയ്ക്ക് തുടക്കമിട്ടത്.

ഇൗ വർഷം 60 രാജ്യങ്ങളിൽ നിന്നുള്ള 15 ലക്ഷം ടൈറ്റിലുകളുമായി 1,690 പ്രസാധകർ‌ അണിനിരന്നു. പുസ്തക പ്രദർശനത്തിനും വിൽപനയ്ക്കും പുറമെ, മലയാളമടക്കമുള്ള വിദേശ ഭാഷകളിൽ നിന്നുള്ള കലാ സാംസ്കാരിക പരിപാടികൾ, പുസ്തകപ്രകാശനങ്ങള്‍, ശിൽപശാല, സെമിനാർ എന്നിവയും നടന്നു. യുകെ ആയിരുന്നു ഇപ്രാവശ്യത്തെ ഗസ്റ്റ് ഒാഫ് ഹോണർ. 

64 രാജ്യങ്ങളിൽ നിന്ന് 400 എഴുത്തുകാർ പങ്കെടുത്തു. മലയാളത്തിൽ നിന്ന് മുപ്പതിലേറെ പ്രസാധകരുൾപ്പെടെ ഇന്ത്യയിൽ നിന്ന് നൂറ്റമ്പതോളം പ്രസാധകരെത്തി. എം.ടി.വാസുദേവൻ നായർ, സി.രാധാകൃഷ്ണൻ, സി.വി.ബാലകൃഷ്ണൻ, ജോർജ് ഒാണക്കൂർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ആലങ്കോട് ലീലാകൃഷ്ണൻ, അനിൽ പനച്ചൂരാൻ എന്നിവരുൾ‌പ്പെടെ മലയാളത്തില്‍ നിന്ന് പ്രമുഖ സാഹിത്യകാരന്മാരും കലാകാരന്മാരും വിവിധ പരിപാടികളിൽ സംബന്ധിച്ചു. കുട്ടികൾക്ക് വിവിധ വിഭാഗങ്ങളിൽ 1,600 പരിപാടികൾ നടന്നു. മലയാളി ഷെഫുമാർ അണിനിരന്ന പാചക പരിപാടിയും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.