Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഹ്‌ളാദത്തോടെ 46-ാം ദേശീയദിനം കൊണ്ടാടി

dub-national-day-4-col

അബുദാബി∙ യുഎഇ 46-ാം ദേശീയദിനം ആഘോഷമാക്കി രാജ്യത്തെസ്വദേശികളും വിദേശികളും. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, ഉംഅൽഖുവൈൻ, റാസൽഖൈമ എന്നീ എമിറേറ്റുകളിലെ ബീച്ചുകളും പൊതുപാർക്കുകളും ഷോപ്പിങ് മാളുകളുമെല്ലാം ആഘോഷത്തിമർപ്പിനെത്തിയവരുടെ തിരക്കിലായിരുന്നു.

പ്രാദേശിക ഹെറിറ്റേജ് വില്ലേജുകൾ കേന്ദ്രീകരിച്ചായിരുന്ന ഔദ്യോഗിക ആഘോഷ പരിപാടികൾ നടന്നത്. കരിമരുന്നു പ്രയോഗവും സംഗീത കലാസാംസ്‌കാരിക പരിപാടികളും വിവിധ എമിറേറ്റ് കേന്ദ്രങ്ങളിലെ ആഘോഷത്തിനു പൊലിമ പകർന്നു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, രാഷ്ട്രശിൽപി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം, പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ചിത്രങ്ങളും കൊടി തോരണങ്ങളുമായി പലഭാഗത്തും നൂറുകണക്കിന് സ്വദേശികളും വിദേശികളും പങ്കെടുത്ത ചെറുതും വലുതുമായ ഘോഷയാത്രകളും നടന്നു.

dub-police-parade-3-col

അബുദാബി കോർണിഷിൽ ദേശീയ ദിനാഘോഷത്തിൽ ഏറ്റവും ആകർഷകമായത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലും രാത്രിയിൽ നടന്ന കരുമരുന്നു പ്രയോഗമായിരുന്നു. കോർണിഷിലെത്തിയ പതിനായിരങ്ങളെയാണ് 20 മിനിറ്റിലധികം നീണ്ട കരിമരുന്നു പ്രയോഗം ആകർഷിച്ചത്. അൽ വത്ഭയിലെ സായിദ് പൈതൃക ഫെസ്റ്റിവൽ നഗരിയിലെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പതിനായിരങ്ങൾക്കും അവിടെ നടന്ന കരിമരുന്നു പ്രയോഗം വിസ്മയമായി. സാംസ്‌കാരിക ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് അബുദാബി എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളിൽ കരിമരുന്നു പ്രയോഗവും നൃത്ത സംഗീത പരിപാടികളും ഉൾപ്പെടെ പ്രധാന ആഘോഷ പരിപാടികൾ നടന്നത്. യുഎഇയിലെ സൗദി വിദ്യാർഥികളും 46-ാം ദേശീയ ദിനാഘോഷത്തിൽ പങ്കുചേർന്നു.

സൗദി കൾച്ചറൽ മിഷൻ യുഎഇയുടെ ആഭിമുഖ്യത്തിൽ ദുബായ് നഗര വീഥികളിൽ വിദ്യാർഥികളുടെ ഘോഷയാത്ര സംഘടിപ്പിച്ചു. വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾ യുഎഇ-സൗദി അറേബ്യ പതാകകൾ വഹിച്ചുകൊണ്ടായിരുന്നു മാർച്ചിൽ പങ്കെടുത്തത്. രണ്ടു രാജ്യങ്ങളുടെയും സാഹോദര്യവും സ്‌നേഹവും ഉഭയകക്ഷി ബന്ധങ്ങളും എല്ലാ തലങ്ങളിലും ശക്തമാണെന്ന് വിളംബരം ചെയ്യുന്നതായിരുന്നു യുഎഇ യൂണിവേഴ്‌സിറ്റികളിലെ 300ലധികം വിദ്യാർഥികളുടെ ഘോഷയാത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.